Thursday, 13 June 2013

വാക്വം ക്ലീനര്‍; ഗുണങ്ങളും ദോഷങ്ങളും


ഇന്ന് ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു ഉപകരണമാണല്ലോ വാക്വം ക്ലീനറുകള്‍. വീടുകളിലും ഓഫീസുകളിലുമെല്ലാം ഇന്ന് വാക്വം ക്ലീനറുകള്‍ നിത്യോപയോഗവസ്തുവാണ്. ആദ്യകാലത്ത് വലിയ വലുപ്പമുള്ള ഒന്നായിരുന്നു ഇവ. പ്രവര്‍ത്തിപ്പിക്കുന്നതിന് തന്നെ രണ്ടാളുകള്‍ ആവശ്യമായിരുന്നു. എന്നാല്‍ ഇന്ന് ടെലിസ്കോപ്പിക് സംവിധാനങ്ങളും, അന്തരീക്ഷത്തില്‍ നിന്ന് പൊടി വലിച്ചെടുക്കുന്ന ഫില്‍റ്ററുകളുമൊക്കെ വാക്വം ക്ലീനറുകളിലുണ്ട്.
ഒരു വാക്വം ക്ലീനര്‍ വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടുന്ന കാര്യങ്ങള്‍ നിങ്ങളുടെ വീടിന്റെ അല്ലെങ്കില്‍ ഓഫിസിന്റെ തറയുടെ അവസ്ഥയും പിന്നെ ബഡ്ജറ്റുമാണ്.എത്രത്തോളം അഴുക്ക് നീക്കേണ്ടി വരുമെന്നത് പ്രധാനമായതിനാല്‍ തെരഞ്ഞെടുക്കുന്ന വാക്വം ക്ലീനറിന്റെ ശേഷി കൂടി പരിഗണിക്കണം. മികച്ച, കരുത്തുള്ള ഡ്യൂറബിള്‍ പ്ലാസ്റ്റിക്, അല്ലെങ്കില്‍ മെറ്റല്‍ ഭാഗങ്ങളുള്ള വാക്വം ക്ലീനറുകളാണ് തെരഞ്ഞെടുക്കേണ്ടത്.
vaccum cleaner merits demerits
കാനിസ്റ്റര്‍ വാക്വം ക്ലീനറുകള്‍
കാനിസ്റ്റര്‍ വാക്വം ക്ലീനറുകള്‍ മികച്ച രീതിയില്‍ അഴുക്ക് നീക്കം ചെയ്യുന്നവയും ദീര്‍ഘകാലം ഈടുനില്‍ക്കുന്നവയുമാണ്. ഇതിന്റെ ലോഹാവരണമുള്ള കുഴല്‍ സ്റ്റെയര്‍കേസുകള്‍,തറ വിരിപ്പുകള്‍, തുടങ്ങി സോഫയുടെയും, കട്ടിലിന്റെയുമൊക്കെ അടിഭാഗം വരെ വൃത്തിയാക്കും. ചില കാനിസ്റ്റര്‍ മോഡലുകള്‍ കടുത്തതും, മിനുസമില്ലാത്തതുമായ ഭാഗങ്ങള്‍ ക്ലീന്‍ ചെയ്യുമ്പോള്‍ അതിന്റെ ബീറ്റര്‍ബാര്‍ ഓഫ് ചെയ്യാന്‍ സൗകര്യമുള്ളവയാണ്. ഇത് വഴി ക്ലീന്‍ ചെയ്യുന്ന പ്രതലങ്ങള്‍ തകരാറാവാതെ സംരക്ഷിക്കാം.കാനിസ്റ്റര്‍ വാക്വം ക്ലീനറുകളുടെ ഒരു പോരായ്മയെന്നത് അവയുടെ ഭാരമാണ്. അതുപോലെ വാക്വം ബാഗുകള്‍ ചെറുതായതിനാല്‍ ഇടക്കിടക്ക് മാറ്റേണ്ടി വരും.
അപ് റൈറ്റ് വാക്വം ക്ലീനറുകള്‍
ഇവ ഭാരം കുറഞ്ഞ മോഡലാണ്. ഇവ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവും. കാര്‍പ്പറ്റുകളൊക്കെ ഇതുപയോഗിച്ച് വേഗത്തില്‍ വൃത്തിയാക്കാം. അപ് ഹോള്‍സ്റ്ററികളും,സ്റ്റെയര്‍കെയ്സുമൊക്കെ ഇതിലെ പൈപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം. ഇവയില്‍ ചില മോഡലുകള്‍ വാക്വം ബാഗ് ഇല്ലാത്തവയാണ്. സൈക്ലോണ്‍ വാക്വം സിസ്റ്റം ഉപയോഗിക്കുന്ന ഇവ ബാഗുകള്‍ക്ക് പകരം ഒരു കപ് പോലുള്ള ഭാഗത്താണ് അഴുക്ക് ശേഖരിക്കുക. ഇത്തരം വാക്വം ക്ലീനറുകള്‍ക്ക് ക്രമേണ അവയുടെ വലിച്ചെടുക്കുന്നതിനുള്ള ശക്തി കുറയും. കൂടാതെ അവയ്ക്ക് കടുത്ത പ്രതലങ്ങള്‍ ക്ലീന്‍ ചെയ്യാനുള്ള സംവിധാനമില്ല.ഇവ എളുപ്പം കേടുവരുന്നവയുമാണ്.ഇവയുടെ പൈപ്പിന് നീളവും കുറവായിരിക്കും.
റോബോട്ടിക് വാക്വം ക്ലീനറുകള്‍
വേഗത്തില്‍ ക്ലീനിങ്ങ് നടത്തുന്നതിന് ഇത്തരം വാക്വം ക്ലീനറുകള്‍ സഹായകരമാണ്. ഇവ തറയില്‍ വച്ച് ഒരു സ്വിച്ച് അമര്‍ത്തിയാല്‍ ബാക്കി കാര്യങ്ങള്‍ അത് സ്വയം ചെയ്തുകൊള്ളും. ഇതിന്റെ അടിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രഷ് അഴുക്ക് വലിച്ചെടുത്ത് ഉള്ളിലെ കപ്പിലെത്തിക്കും. പൊടി വലിച്ചെടുക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്ഥമാണ് ഇതിന്റെ പ്രവര്‍ത്തനം. എന്നാല്‍ കാര്‍പ്പറ്റുകളും മറ്റും വൃത്തിയാക്കുന്നതിന് ഇത് ഉപകാരപ്പെടില്ല. അതിന് മറ്റ് മോഡലുകള്‍ വേണ്ടി വരും.
വെറ്റ്/ഡ്രൈ വാക്വം ക്ലീനറുകള്‍
ഇവയെ ഷോപ് വാക്വം ക്ലീനറുകള്‍ എന്നും പറയാറുണ്ട്. വലിയ തോതിലുള്ള അഴുക്കുകളും, നനവും ഇതുപയോഗിച്ച് നീക്കം ചെയ്യാം. ഇവക്ക് ബാഗില്ല.ഇതിന്റെ നോസില്‍ അറ്റാച്ച്മെന്റ് ചെറുതും വലുതുമായ മാലിന്യം വലിച്ചെടുക്കും. ഇവക്ക് ബാഗോ, സീലോ ഇല്ലാത്തതിനാല്‍ ഇവ പൊടിയില്‍ കുളിച്ചിരിക്കുന്ന അവസ്ഥയാകും മിക്കപ്പോഴും. ചെറിയ ആവശ്യങ്ങള്‍ക്ക് ഇവ അനുയോജ്യമല്ല.ചെളിവെള്ളം, അറക്കപ്പൊടി പോലുള്ളവയൊക്കെ നീക്കം ചെയ്യാനുപകരിക്കുന്ന ഇവ ഒട്ട്ഡോര്‍ ആവശ്യങ്ങള്‍ക്ക് ഉത്തമമാണ്.

 

No comments:

Post a Comment