അടുക്കളയിലെ 5 അഴുക്കുരഹസ്യങ്ങള്‍
അടുക്കള വളരെ ശ്രദ്ധാപൂര്‍വ്വം വൃത്തിയാക്കിയില്ലെങ്കില്‍ അതിന്റെ ഫലം ആരോഗ്യപ്രശ്‌നങ്ങളായിരിയ്ക്കും. പുറമെ തുടച്ചുമിനുക്കി ഭംഗിയായി അടുക്കിവെച്ചതാണെങ്കില്‍പ്പോലും ചിലപ്പോള്‍ അടുക്കള കീടാണുക്കളുടെ കൂടാരമാകാനും മതി. കട്ടിങ് ബോര്‍ഡുകള്‍, ചുവരലമാരകളുടെ പിടികള്‍, പാത്രങ്ങളുടെ അരികുകള്‍, ഭക്ഷണസാധനങ്ങള്‍ ഇട്ടുവെയ്ക്കുന്ന പാത്രങ്ങള്‍ എന്നുവേണ്ട ഏതിടത്തും കീടാണുക്കള്‍ കൂടുകൂട്ടിയേയ്ക്കാം.

ഫ്രിഡ്ജ്
ചില അടുക്കളകളിലെ ഫ്രിഡ്ജും അതിന്റെ ഹാന്‍ഡിലുമെല്ലാം നോക്കാന്‍ പറ്റാത്തവണ്ണം വൃത്തികേടായിക്കിടക്കുന്നത് കാണാം. ചിലപ്പോള്‍ അത് ഫ്രിഡ്ജിന്റെ ഇരുമ്പ് തകിടില്‍ വരുന്ന തുരമ്പാകാം പക്ഷേ ഈ ഇടങ്ങളെല്ലാം രോഗാണുക്കള്‍ക്ക് കൂടുകൂട്ടാന്‍ ധാരാളം മതിയാകും. ഫ്രിഡ്ജും അതിന്റെ പുറംഭാഗവും വൃത്തിയാക്കുന്നതിനൊപ്പം തന്നെ അതില്‍ ഭക്ഷണമാക്കിവെയ്ക്കുന്ന പാത്രങ്ങളും ഇടയ്ക്ക് വൃത്തിയാക്കാന്‍ മറക്കരുത്. ഫ്രിഡ്ജിലെ പലഭാഗങ്ങളും പുറത്തേയ്‌ക്കെടുക്കാന്‍ കഴിയും. ത്ട്ടുകളും കെയ്‌സുകളുമെല്ലാം മാസത്തിലൊരിക്കലെങ്കിലും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കണം. ഓരോവട്ടം ഫ്രിഡ്ജില്‍ നിന്നും സാധനങ്ങള്‍ എടുത്തും വച്ചും കഴിയുമ്പോള്‍ കൈകള്‍ വൃത്തിയാക്കാനും മറക്കരുത്.
ഉപയോഗശൂന്യമായ സാധനങ്ങള്‍ വേഗം തന്നെ ഫ്രിഡ്ജില്‍ നിന്നും എടുത്ത് കളയുകയെന്നകാര്യവും പ്രധാനം തന്നെ. മാസംവും മത്സ്യവുമെല്ലാം സൂക്ഷിയ്ക്കുന്ന ഫ്രിഡ്ജാണെങ്കില്‍ വൃത്തിയാക്കല്‍ രണ്ടാഴ്ചയിലൊരിയ്ക്കല്‍ എന്ന രീതിയിലാക്കുന്നതാണ് നല്ലത്.
ഫ്രിഡ്ജിന് മുകളില്‍ എപ്പോഴും വൃത്തിയുള്ള ഒരു ടവ്വല്‍ സൂക്ഷിയ്ക്കുക. കൈകഴുകിക്കഴിഞ്ഞ് തുടയ്ക്കാനും മറ്റും ഇത് ഉപകരിയ്ക്കും. അഴുക്കുള്ള കൈകള്‍വച്ച് ഫ്രിഡ്ജ് തുറക്കുകയും അതില്‍നിന്നും സാധനങ്ങള്‍ എടുക്കുകയും അതിലേയ്ക്ക് വെയ്ക്കാതിരിക്കുകയും ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം.
വാട്ടര്‍ ടാപ്പ്
മേശയും പാത്രങ്ങളുമെല്ലാം വൃത്തിയാക്കുമെങ്കിലും നമ്മള്‍ പലപ്പോഴും വൃത്തിയാക്കാന്‍ മറക്കുന്ന ഒന്നാണ് അടുക്കളയിലെ വാട്ടര്‍ ടാപ്പുകള്‍. പലപ്പോഴും വെള്ളത്തിലെ ക്ലോറിനും മറ്റും പിടിച്ച് പൈപ്പുകള്‍ വല്ലാതെ വൃത്തികേടാവുക പതിവാണ്. ഘനജലമാണ് മിക്ക നഗരങ്ങളിലും പൈപ്പുകളില്‍ ലഭിയ്ക്കുന്നത്. ഇവ നേരിട്ട് കുടിയ്ക്കാനും പാചകം ചെയ്യാനും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്, ഇതില്‍ ധാതുക്കളുടെ അളവ് സാധാരണവെള്ളത്തേക്കാളും കൂടുതലായിരിക്കും.
സ്ഥിരമായി പൈപ്പുവെള്ളമെടുക്കുന്ന പാത്രങ്ങളിലും മറ്റും കാണുന്ന അഴുക്കിന്റെ അടയാളങ്ങള്‍ വെള്ളത്തില്‍ നിന്നും അടിയുന്നതാണ്. മികച്ച വെള്ളശുദ്ധീകരണ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതാണ് അടുക്കളക്കാര്യത്തില്‍ നല്ലത്. അതല്ലെങ്കില്‍ പൈപ്പുകളില്‍ കടകളില്‍ നിന്നും വാങ്ങാന്‍ കിട്ടുന്ന അരിപ്പകളുള്ള ടോപ്പുകള്‍ ഉപയോഗിക്കാം.
ഡിഷ് ടവ്വല്‍സ്
ഡിഷ് ടവ്വല്‍സ് കൃത്യമായ ഇടവേളകളില്‍ മാറ്റണം, പുറത്ത് അഴുക്കുപിടിച്ച് നിറം മാറുന്നതുവരെ വൃത്തിയാക്കാന്‍ വൈകിക്കാതിരിക്കുന്നതാണ് നല്ലത്. എപ്പോഴും രണ്ടോ മൂന്നോ സെറ്റ് ഡിഷ് ടവ്വല്‍സ് സൂക്ഷിയ്ക്കാം. ഒന്ന് കഴുകി ഉണക്കി എടുക്കുന്ന ഇടവേളയില്‍ മറ്റൊരു സെറ്റ് ഉപയോഗിയ്ക്കാം. നനഞ്ഞ് വൃത്തികേടായ ടവ്വല്‍ അടുക്കളയില്‍ ഉപയോഗിക്കാതിരിക്കുക. ഇവ പിടിയ്ക്കുകയും അതേ കൈകള്‍ കൊണ്ട് ഭക്ഷണം കഴിയ്ക്കുകയും ചെയ്യുകയാണെങ്കില്‍ ആധികം വൈകാതെ രോഗങ്ങള്‍ വരുമെന്നകാര്യം ഉറപ്പിയ്ക്കാം.
ആരോഗ്യവിദഗ്ധര്‍ പറയുന്നത് ഡിഷ് ടവ്വലുകള്‍ പോലെ അടുക്കളയില്‍ ഉപയോഗിക്കുന്ന തുണികള്‍ ചൂടുവെള്ളത്തില്‍ കഴുകുകയോ ബ്ലീച്ച് ചെയ്യുകയോ വേണമെന്നാണ്. അതിഥികള്‍ വരുന്ന അവസരങ്ങളില്‍ ഉപയോഗിക്കാന്‍ പ്രത്യേകം തൂണികള്‍ വെയ്ക്കാം. ഓരോ വിരുന്ന് കഴിയുമ്പോഴും അവ വൃത്തിയാക്കി മാറ്റിവെയ്ക്കുകയും ചെയ്യാം.
സ്‌പോഞ്ചുകള്‍
സിങ്കുകളും സ്ലാബുകളും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന സ്‌പോഞ്ചുകള്‍ പലരും വാട്ടര്‍ടേപ്പിന് കീഴില്‍പ്പിടിച്ച് തിരുമ്മി പിഴിഞ്ഞ് വെയ്ക്കുകയാണ് ചെയ്യാറുള്ളത്. ഇങ്ങനെ ചെയ്താല്‍ സ്‌പോഞ്ചുകള്‍ വൃത്തിയാകുന്നില്ല. ചൂടുവെള്ളത്തില്‍ സോപ്പിട്ട് കഴികാന്‍ ശ്രദ്ധിയ്ക്കണം. സിങ്ക് തുടയ്ക്കുന്ന സ്‌പോഞ്ചുകള്‍ മറ്റ് വസ്തുക്കള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്നത് നല്ലതല്ല.
വീട്ടിലെ എല്ലാ വൃത്തികേടുകളും എത്തുന്ന സ്ഥലങ്ങളായിരിക്കും കിച്ചന്‍ സിങ്കുകളും വാഷ് ബേസിനുകളുമെല്ലാം ഇവയെല്ലാം വൃത്തിയാക്കാന്‍ പ്രത്യേകം സ്‌ക്രബുകളും സ്‌പോഞ്ചുകളും ഉപയോഗിക്കാം. പാത്രം കഴുകുന്ന സ്‌ക്രബുകൊണ്ട് ഒരിക്കലും വാഷ് ബേസിന്‍ കഴുകരുത്. പഴക്കംചെന്ന സ്‌പോഞ്ചുകള്‍ കൂടുതല്‍ ഉപയോഗിക്കരുത്. ഇവയ്ക്ക് വളരെ വിലക്കുറവാണ് അതിനാല്‍ ഇടക്കിടെ മാറ്റുന്നതാണ് ഉത്തമം. മൈക്രോവേവ് ഉണ്ടെങ്കില്‍ വൃത്തിയാക്കിയ സ്‌പോഞ്ചുകള്‍ അതില്‍ ചൂടാക്കുന്നത് നല്ലതാണ്, ചൂട് കൊള്ളുമ്പോള്‍ കീടാണുക്കള്‍ നശിയ്ക്കും.
സിങ്ക് ഡ്രെയിന്‍
പലരും ശ്രദ്ധിയ്ക്കാതെ വിടുന്ന കാര്യമാണ് സിങ്കിന്റെ ഡ്രെയിനേജ് സിസ്റ്റം. കാണുന്നഭാഗം മാത്രം കഴുകി വൃത്തിയാക്കിയതുകൊണ്ട് സിങ്കുകള്‍ അണുവിമുക്തമാകുന്നില്ല, അടിയിലെ പൈപ്പില്‍ നിന്നും കീടാണുക്കള്‍ക്ക് മുകളിലേയ്ക്ക് കയറിവരാന്‍ എളുപ്പമുണ്ട്. ഡ്രെയിനുകളില്‍ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും അഴുക്കും പറ്റിപ്പിടിച്ചിരിക്കും.
ആഴ്ചയിലൊരിക്കലെങ്കിലും സിങ്കില്‍ തിളപ്പിച്ച വെള്ളം ഒഴിയ്ക്കുകയും ഇടയ്ക്ക് ബ്ലീച്ചിങ് പൗഡര്‍ ഇടുകയും ചെയ്യുന്നത് അണുക്കളെ അകറ്റാന്‍ ഒരു പരിധിവരെ സഹായിയ്ക്കും. എവിടെയെങ്കിലും ബ്ലോക്കോ, ലീക്കോ ഉണ്ടെങ്കില്‍ ഉടന്‍ വേണ്ടയാളുകളെ വിളിച്ച് ഇവ വൃത്തിയാക്കിക്കാന്‍ താമസം കാണിക്കരുത്.
No comments:
Post a Comment