കൊതുകു കടിച്ച പാടുകള്‍ മാറ്റാം
കൊതുകിന്റെ സംഗീതം പോലെതന്നെ അസഹ്യമാണ് അതിന്റെ കടിയും. മൂളിവന്നിരുന്ന് കൊമ്പുകളാഴ്ത്തി പറന്നകലുന്ന ഈ ജീവി വിട്ടിട്ട് പോകുന്ന മുറിപ്പാടിലെ ചൊറിച്ചിൽ ഏറെനേരം നമ്മളെ അസ്വസ്ഥരാക്കും. മാന്തുമ്പോൾ അല്പം സുഖം ലഭിക്കുമെങ്കിലും കാര്യങ്ങൾ വഷളാക്കുകയേയുള്ളു. വൃത്തിയില്ലാത്ത വിരലും നഖവും ഉപയോഗിച്ച് മാന്തുന്നത് ചർമ്മത്തിന് ഹാനി വരുത്തും. പടരാനും സാദ്ധ്യതയുണ്ട്.ചൊറിയുംതോറും കൂടുതൽ മാന്തുവാനുള്ള പ്രവണതയുണ്ടാകും. ഇതിന്റെ ഫലമായി തൊലിപ്പുറത്ത് തിണർത്ത് വരുന്ന ചെറിയ മുഴകൾ കുറച്ച് നാൾ നീണ്ട്നില്ക്കും. കൈകാലുകളിലും മുഖത്തും ഇങ്ങനെ വടുക്കൾ നില്ക്കുന്നത് എന്ത് വൃത്തികേടാണ്. പക്ഷേ, വിഷമിക്കേണ്ട. കൊതുക് കടിയെ തരണം ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ചില കാര്യങ്ങൾ അറിഞ്ഞോളൂ.

കൊതുക് കടിയുടെ അനന്തര ഫലങ്ങളെ തടയാൻ അത്യുത്തമമാണ് ടീട്രീഓയിൽ. അണു, വൈറസുകളെ പ്രതിരോധിക്കാൻ ശക്തിയുള്ളതിനാൽ പകർച്ച രോഗങ്ങൾ വരാതെയും ഈ ഓയിൽ സംരക്ഷിക്കും.
ഒരുപാട് ഔഷധഗുണങ്ങളുള്ള ലാവണ്ടർ(കർപ്പൂരവള്ളി) ഓയിലും നല്ല ഫലം ചെയ്യും. ഒറ്റത്തവണ പുരട്ടുകയേ വേണ്ടൂ. തിണർപ്പും ചൊറിച്ചിലും നിശ്ശേഷം മാറും.
ഒരു ബക്കറ്റ് ചൂട് വെള്ളത്തിൽ രണ്ടോ മൂന്നോ കപ്പ് വിനാഗിരി ഒഴിച്ച് മുറിവിൽ പുരട്ടുന്നതും പഞ്ഞിയിൽ ഏതാനും തുള്ളി ഇറ്റിച്ച് കടിയേറ്റ ഭാഗത്ത് വെക്കുന്നതും ഉദ്ദേശിച്ച ഫലം ചെയ്യും.
മുറിവുണക്കാനും കരിയ്ക്കാനും തേനിനുള്ള കഴിവ് അറിയാത്തവരല്ല നമ്മളാരും. കൊതുക് കടിയേറ്റിടത്തും തേനിന് ചെറുതല്ലാത്ത റോളുണ്ട്.
കൺതടങ്ങൾ ചീർക്കുമ്പോൾ ചെയ്യാറുള്ളത് പോലെ ടീ ബാഗ് കൊതുക് കടിച്ചിടത്തും വെക്കാവുന്നതാണ്. തേയിലയിലെ ടാനിൻ എന്ന രാസവസ്തു മുറിപ്പാടിലെ ദ്രവം വലിച്ച് വറ്റിക്കുന്നു. വെള്ളത്തിൽ അല്പം ബേക്കിങ്ങ് സോഡ കലർത്തി അവിടെ വെക്കുന്നതും ശമനത്തിന് നല്ലതാണ്.
കർപ്പൂരവും തൈമോളും അടങ്ങിയ ബാസിലസ് എന്ന സുഗന്ധ ഇലകൾ ചൊറിച്ചിലിന് ആക്കം കുറയ്ക്കും. ഈ ഇലകൾ ഇടിച്ച് പിഴിഞ്ഞ് തേക്കുകയാണ് ചെയ്യേണ്ടത്. ചെറുനാരങ്ങാ നീരും തൊണ്ടും ഒരുപോലെ ചൊറിച്ചിലിന് നല്ലതാണെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ചൊറിയുന്നിടത്ത് ചിലർ ടൂത്ത്പേസ്റ്റ് പുരട്ടുന്ന വിചിത്രമായ കാഴ്ച നിങ്ങൾ കണ്ടിട്ടുണ്ടാവും. അതിലടങ്ങിയിട്ടുള്ള പുതീനയുടെ നീരാവാം അതിന് കാരണം. പുതീനയുടെ ഇലകൾ ചതച്ച നീര് നേരിട്ട് പുരട്ടിയാലും മതിയാവും.
സൂര്യാഘാതത്തിന് പൊതുവെ ഉപയോഗിച്ച് വരാറുള്ള കറ്റാർ വാഴ കൊതുക് കടിയേറ്റിടത്തും ഉപയോഗിക്കാവുന്നതാണ്. ചൊറിച്ചിലിനും തിണർപ്പിനും ശമനം നല്കുന്ന ഈ ഔഷധസസ്യം വേഗത്തിൽ മുറിവുണക്കാനും പര്യാപ്തമാണ്.
ചൊറിച്ചിലിന്റെ തീവ്രത കുറക്കാൻ സഹായിക്കുന്ന ജെറാനിയവും നെരോലി ഓയിലും യഥാക്രമം അൻചും മൂന്നും തുള്ളികൾ പതിവായി ഉപയോഗിക്കുന്ന ഫേസ് ക്രീമുമായി ചാലിച്ച് തിണർപ്പുള്ള ഭാഗത്ത് പുരട്ടുക. കലകളെ നീക്കം ചെയ്യാനും ഇതുത്തമമാണ്.
കൊതുകുകളെ തുരത്താനെന്ന പേരിൽ പല വിധത്തിലുള്ള ലിക്കുഡുകളും തിരികളും നമ്മുടെയെല്ലാം വീടുകളിൽ ഉണ്ട്. പക്ഷേ, ഇവയൊന്നും ആരോഗ്യത്തിന് ഹാനികരമല്ല എന്ന് ഒരുറപ്പുമില്ല. കൊതുകുകളെ തടയുന്നതോടൊപ്പം ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്ന മാർഗ്ഗങ്ങൾ അറിഞ്ഞുവെക്കുന്നത് നല്ലതല്ലെ.
കത്തിച്ച ചിരട്ട അൻചോ ആറോ മിനിറ്റ് മുറിയിൽ പുകയാൻ വിടണം. പുകമയമാണെങ്കിലും ഇത് ശരീരത്തിന് ദോഷം ചെയ്യില്ല. മുറിയിൽ അല്പനേരം കർപ്പൂരം പുകക്കുന്നതും കൊതുകുകളെ അകറ്റാൻ നല്ലതാണ്.
മണ്ണെണ്ണ ഒരു കൊതുക് നിവാരിണിയാണ്. പക്ഷേ, കിടപ്പ് മുറിയിൽ അതിന്റെ ഗന്ധം സുഖകരമല്ലല്ലൊ. അല്പം കർപ്പൂരവുമായി ചേർത്ത് മുറിയിൽ തളിക്കുകയാണെങ്കിൽ കൊതുകിൽ നിന്ന് സുരക്ഷിതമാകുന്നതോടൊപ്പം സുഖകരമായ ഒരുറക്കവും തരമാക്കാം.
No comments:
Post a Comment