Wednesday, 12 June 2013

കാന്‍സറിനോട് യുദ്ധം പ്രഖ്യാപിച്ച സാമന്ത

സ്തനാര്‍ബുദസാധ്യത കണ്ടെത്തിയതിനെത്തുടര്‍ന്ന് രണ്ട് സ്തനങ്ങളും നീക്കം ചെയ്ത ഹോളിവുഡ് താരം ആഞ്ജലിന ജോളിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ട് അധികനാളായിട്ടില്ല. സ്ത്രീകള്‍ ആഞ്ജലീനയെ കണ്ട് പഠിയ്ക്കണമെന്നും, ഇക്കാര്യത്തില്‍ ആഞ്ജലീന അപാരധൈര്യമാണ് കാണിച്ചിരിക്കുന്നതെന്നുമെല്ലാം പ്രശംസകള്‍ വന്നു. ലോകത്ത് സ്തനാര്‍ബുദത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനായി പ്രവര്‍ത്തിക്കുന്നവരെല്ലാം ജോളിയുടെ ധീരതയെ സ്വാഗതം ചെയ്യുകയും ചെയ്തു.

ഇതിന് പിന്നാലെയിതാ കാന്‍സര്‍ രോഗത്തിനെതിരെ സ്ത്രീകള്‍ മുന്‍കരുതലെടുക്കണമെന്ന സന്ദേശവുമായി മറ്റൊരു താരംകൂടി രംഗത്ത്. ഇത്തവണ ഹോളിവുഡില്‍ നിന്നല്ല തമിഴകത്തുനിന്നാണ് സന്ദേശവുമായി താരമെത്തിയിരിക്കുന്നത്. സാമന്തയാണ് സെര്‍വിക്കല്‍ കാന്‍സറിനെതിരെയുള്ള വാക്‌സിനേഷന്‍ എടുക്കുകയും എല്ലാസ്ത്രീകളും ഇത് ചെയ്യണമെന്ന് ആഹ്വാനം നല്‍കുകയും ചെയ്തിരിക്കുന്നത്.

സെര്‍വിക്കല്‍ കാന്‍സറിനെ ചെറുക്കാനുള്ള വാക്‌സിനേഷന്റെ അവസാനഘട്ടവും താന്‍ പിന്നിട്ടുവെന്ന കാര്യംസാമന്ത ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. അവസാനഘട്ട വാക്‌സിനേഷനും കഴിഞ്ഞിരിക്കുന്നു, ഇനി അധികം ഭയപ്പെടേണ്ടതില്ല. പെണ്‍കുട്ടികളെല്ലാം ഇതിനായി മുന്നോട്ടുവരണം. കുടുംബത്തിലുള്ളവരെ ഇതിനുവേണ്ടി ബോധവാന്മാരാക്കണം- ഇങ്ങനെയാണ് സാമന്തയുടെ ട്വീറ്റ്.

ഇന്ത്യയില്‍ മാത്രം എണ്‍പതിനായിരത്തോളം സ്ത്രീകളാണ് വര്‍ഷാവര്‍ഷം സെര്‍വിക്കല്‍ കാന്‍സര്‍ ബാധയെത്തുടര്‍ന്ന് മരിക്കുന്നതെന്നാണ് കണക്കുകള്‍. ലോകത്താകമാനം ഈ രോഗത്തിനെതിരെ സ്ത്രീകളെ ബോധവതികളാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. വളരെ തുടക്കത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ ചികിത്സിച്ച് മാറ്റാവുന്ന രോഗമാണിത്.

 

No comments:

Post a Comment