Wednesday, 12 June 2013

ഇതാണ് സര്‍, രവീന്ദ്ര ജഡേജ

ലണ്ടന്‍: കൃത്യം നാലുവര്‍ഷങ്ങള്‍ക്ക് അപ്പുറത്താണ് രവീന്ദ്ര ജഡേജ കാരണം ഇന്ത്യ ഒരു ലോകകപ്പില്‍ നിന്നും പുറത്തായത്. ഇംഗ്ലണ്ടിനെതിരെ ട്വന്റി -20 ലോകകപ്പില്‍ 35 പന്തില്‍ 25 റണ്‍സെടുത്ത് ജഡേജയുടെ പ്രകടനം ഇന്ത്യയെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കി. അടിക്കാനും ഔട്ടാകാനും കഴിയാതെ വിയര്‍ത്ത ജഡേജയെ നോക്കി അന്ന് തുടങ്ങിയതാണ് ക്രിക്കറ്റ് ലോകം കളിയാക്കല്‍.
ബ്രാഡ്മാനെയും റിച്ചാര്‍ഡ്‌സിനെയും വിളിക്കുന്ന പോലെ സര്‍ എന്ന് ചേര്‍ത്താണ് ജഡേജയെ ആളുകള്‍ സംബോധന ചെയ്യുന്നത്. എന്നാല്‍ ബഹുമാനം കൊണ്ടല്ല, ക്യാപ്റ്റന്‍ ധോണി പോലും കളിയാക്കിയാണ് തന്നെ അങ്ങനെ വിളിക്കുന്നത് എന്ന് ജഡേജയ്ക്ക് നന്നായി അറിയാം. എന്നാല്‍ കളിയിലും അല്‍പസ്വല്‍പം ബഹുമാനം തനിക്ക് കിട്ടിയേ പറ്റൂ എന്ന് ഓര്‍മിപ്പിക്കുന്നതാണ് കളിക്കളത്തില്‍ അടുത്ത കാലത്തായി സര്‍ ജഡേജയുടെ പ്രകടനം.
ട്വന്റി - 20 ലോകകപ്പിലെ പ്രകടനം കണ്ടവര്‍ ആരെങ്കിലും വിചാരിച്ചുകാണില്ല ഇയാള്‍ നാലുവര്‍ഷങ്ങള്‍ക്ക് ശേഷവും അന്താരാഷ്ട്രക്രിക്കറ്റില്‍ കളിക്കുമെന്ന്. പോട്ടെ ഉപഭൂഖണ്ഡത്തിന് പുറത്തുള്ള കളികളില്‍ തിളങ്ങുമെന്നെങ്കിലും പ്രതീക്ഷിച്ചുകാണില്ല. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കളിയിലെ താരമായിരിക്കുകയാണ് ആരാധകരും വിമര്‍ശകരും സര്‍ ജഡേജ എന്ന് വിളിക്കുന്ന രവീന്ദ്ര ജഡേജ.
ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യകളിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താകാതെ നാല്‍പ്പത്തേഴ് റണ്‍സും മൂന്ന് വിക്കറ്റും. രണ്ടാമത്തെ കളിയില്‍ വിന്‍ഡീസിനെതിരെ അഞ്ച് വിക്കറ്റ്. ഓള്‍റൗണ്ടര്‍മാര്‍ വാഴാത്ത ഇന്ത്യന്‍ ടീമില്‍ സ്ഥിരമായ ഇരിപ്പിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ജഡേജ. പന്ത് തിരിക്കുന്നതില്‍ അസാധ്യ കഴിവൊന്നും ഇല്ലെങ്കിലും ബൗളിംഗിലെ കണിശതയാണ് ജഡ്ഡുവിന്റെ കൈമുതല്‍. ബാറ്റിംഗിലെ മിന്നലാട്ടങ്ങളും ഫീല്‍ഡിംഗ് മികവും ടീമിന് ബോണസ്.

 

No comments:

Post a Comment